കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മതം നോക്കിയുള്ള വോട്ടിംഗാണ് നടന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത തിമിർത്താടിയെന്നും ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ബോധപൂർവം 'സ്ട്രാറ്റജിക് വോട്ടിംഗ്' നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാവൂരിലും പയ്യന്നൂരിലും ഉൾപ്പെടെ യുഡിഎഫിന് അനുകൂലമായി 'താമരത്താങ്ങ്' (ബി.ജെ.പി വോട്ട് മറിക്കൽ) ഉണ്ടായതായും കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. പേരാവൂർ മണ്ഡലത്തിൽ സണ്ണി ജോസഫ് വിജയിച്ചത് ബിജെപിയുടെ വോട്ടുകൾ ലഭിച്ചതുകൊണ്ടാണ്. ഇടതുപക്ഷ മുന്നണിയെ തകർക്കാൻ വേണ്ടി കൃത്യമായ ആസൂത്രണത്തോടെയുള്ള വോട്ട് മറിക്കലാണ് മണ്ഡലങ്ങളിൽ നടന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
അതേസമയം കെ.കെ. രാഗേഷിന്റെ വർഗീയ ആരോപണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് ഷജീർ ഇക്ബാൽ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ ഭീതിയും നിരാശയുമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പരിഹസിച്ചു.